കോഴിക്കോട്: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടും വരെ കാത്തിരിക്കണം. ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും അന്യനാട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സർക്കാർ ബസുകൾ അയക്കുമ്പോഴാണ് മന്ത്രിയുടെ കാരുണ്യമില്ലാത്ത നിലപാട്. അതേസമയം നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊറോണ ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ വ്യക്തമാക്കി. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ പാസ് റദ്ദാക്കി റെയിൽ മാർഗം വരുന്നുവെന്ന് കാണിച്ച് പുതുക്കിയ പാസ് എടുക്കണമെന്നും നിർദ്ദേശമുണ്ട്.