മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് കുടിയേറ്റക്കരെ കൊണ്ട് വരാൻ ഉള്ള എതിർപ്പ് കർണാടക സർക്കാർ പിൻവലിച്ചതോടെ താനെയിൽ നിന്നും സംസ്ഥാനത്തെ കൽബുർഗിയിലേക്ക് ട്രെയിൻ പുറപ്പെട്ടു.
73132 യാത്രക്കാരുമായി അറുപത്തിയാറു ട്രെയിനുകളാണ് ഇത് വരെ മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ടിട്ടുള്ളത്.
അതേസമയം മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മൂന്ന് ദിവസങ്ങളിൽ ആയി ഏകദേശം 21714 യാത്രക്കാരെ ട്രാൻസ്പോർട്ട് കോർപറേഷൻ സൗജന്യമായി എത്തിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡുകളിൽ എത്തുന്നതിന്റെ മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചിരുന്നു. അന്തർ ജില്ലാ യാത്രക്കുള്ള മാനദണ്ഡങ്ങൾ ഉടനെ തന്നെ അറിയിക്കുമെന്ന് ഗതാഗത മന്ത്രി അനിൽ പരാബ് പറഞ്ഞു. റെഡ് സോൺ മേഖലകളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ ഗ്രീൻ സോണുകൾ വിമുഖത കാണിച്ചതിനെ തുടർന്നു ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ വഴിയുള്ള അന്തർ ജില്ലാ യാത്രകളുടെ പദ്ധതി റദ്ദാക്കേണ്ടതുണ്ടെന്ന് പരാബ് കൂട്ടിച്ചേർത്തു.