ചെന്നൈയിൽ നിന്നും പെരുമ്പാവൂരിൽ വന്ന യുവതിയുടെ സമ്പർക്ക പട്ടികയിൽ 12 പേർ

കൊച്ചി: ചെന്നൈയിൽ നിന്നും പെരുമ്പാവൂരിലേക്ക് റോഡ് മാർഗം എത്തിയ 30 വയസുകാരിയുടെ സമ്പർക്കപ്പട്ടികയിൽ 12 പേർ. ഇതിൽ 6 പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരും, 4 പേർ പാലക്കാട് ജില്ലയിൽ നിന്നുള്ളവരും 2 പേർ ചെന്നൈയിൽ നിന്നുള്ളവരുമാണ്.

മെയ് 10 ന് രോഗം സ്ഥിരീകരിച്ച 5 വയസ്സുള്ള ആൺകുട്ടിയുടെ (ആദ്യം രോഗം സ്ഥിരീകരിച്ച ചെന്നൈ സ്വദേശിനിയുടെ മകൻ) പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 8 പേരിൽ ൽ 5 പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരും, 3 പേർ പാലക്കാട് ജില്ലക്കാരുമാണ്. ഈ മൂന്ന് കേസുകളുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്.

ഇന്ന് 18 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ കൊറോണ ബാധിച്ച് 3 പേരാണ്ചികിത്സയിലുള്ളത് . ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും, ബാക്കി 2 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലുമാണുള്ളത്. ഇന്ന് 386 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 42 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2146 ആയി. ഇതിൽ 15 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 2131 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

മെയ് 9 ന് രോഗം സ്ഥിരീകരിച്ച 23 കാരനായ മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നിട്ടുള്ളവരുടെ എണ്ണം 26 ആണ്. ഇവരെല്ലാം മെയ് 7 ലെ അബുദാബി – കൊച്ചി വിമാനത്തിൽ കൂടെ സഞ്ചരിച്ച എറണാകുളം ജില്ലക്കാരാണ്. ഇതിൽ 7 പേർ ഹൈ റിസ്ക്ക് സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 4 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 45 ആണ്.

ഇന്ന് ജില്ലയിൽ നിന്നും 39 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 42 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 52 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

ജില്ലയിലെ കോവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി എസ് സി എം എസ് ഹോസ്റ്റൽ ,മുട്ടം എസ് സി എം എസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതിർ ഭവൻ, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാർ ബസേലിയോസ് ഡെന്റൽ കോളേജ്, ആശീർഭവൻ കച്ചേരിപ്പടി, റിട്രീറ്റ് സെന്റർ ചിറ്റൂർ, ആഷിയാന തൃക്കാക്കര എന്നിവിടങ്ങളിലായി 754 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളിൽ 25 പേരും നിരീക്ഷണത്തിലുണ്ട്.

ഇന്നലെ തുറമുഖത്തെത്തിയ 3 കപ്പലുകളിലെ 82 ജീവനക്കാരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല.