കള്ളു ഷാപ്പുകൾ 13 ന് തുറക്കാൻ അനുമതി നൽകി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളു ഷാപ്പുകൾ 13 ന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. രാവിലെ 9 മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റർ കള്ള് ഒരാൾക്ക് വാങ്ങാം. ഷാപ്പിൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. ഭക്ഷണം ഷാപ്പിൽവച്ച് കഴിക്കാനോ വിതരണത്തിനോ അനുവാദമുണ്ടാകില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ഷോപ്പുകൾ തുറക്കേണ്ടത്.

ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പിൽ അനുവദിക്കൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണം. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ ബുദ്ധിമുട്ടാകുമെന്ന് എക്‌സൈസ് വകുപ്പ് കരുതുന്നു. അതിനാലാണ് പാഴ്‌സല്‍ നല്‍കാനുള്ള തീരുമാനം.

3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ഡൗണ്‍ ആരംഭിച്ച ശേഷമാണ് കള്ള് ഷാപ്പുകളുടെ ലേലം നടന്നത്.