പാസില്ലാതെ കേരളത്തിലേക്ക് കടത്തി വിടില്ല; തീരുമാനം കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം : പാസില്ലാതെ മറ്റു സംസ്ഥാങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരെ ഇന്ന് മുതൽ അതിർത്തി കടത്തി വിടില്ല. മറ്റ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.

തമിഴ്നാട്-കേരള ഡിജിപിമാർ തമ്മിൽ ഞായറാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സർക്കാർ കടുത്ത തീരുമാനം എടുത്തത്.

പാസില്ലാതെ വരുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവും ഉണ്ട്. റോഡുകളിൽ തന്നെ പരിശോധന നടത്തി പാസുള്ളവരെ മാത്രം കടത്തി വിടാനാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. പാസ്സിലാതെ ആളുകൾ കൂട്ടത്തോടെ വരുന്നത് സംഘർഷത്തിനു ഇടയാക്കുന്നതിനാൽ ചെക്ക്പോസ്റ്റുകളുടെ സുരക്ഷ വർധിപ്പിച്ചു.

കൂടാതെ കൂടുതൽ ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം നൽക്കുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്. പാസ്സിലാതെ വരുന്നവരെ വാളയാർ ചെക്ക് പോസ്റ്റ് എത്തും മുൻമ്പ് തന്നെ തമിഴ്നാട് പൊലീസ് തടയും. കൂടാതെ കേരളത്തിന്റെ പാസ് ലഭിച്ചവർക്ക് മാത്രമെ മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവൂ എന്നും വിവിധ സംസ്ഥാനങ്ങളോട് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ രോഗലക്ഷണം ഇല്ലാത്തവരെയും വീടുകളിൽ തന്നെ 14 ദിവസത്തെ ക്വാന്റൈനിൽ കഴിയണമെന്നു സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരേയും രോഗബാധ സംശയിക്കുന്നവരേയും ഐസോലേഷൻ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്യും.