ട്രെയിനിൽ മാസ്ക് നിർബന്ധം; കമ്പിളിയോ ലിനനോ നല്‍കില്ല; എല്ലാ സീറ്റിലും യാത്രക്കാർ; സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്ക്

ന്യൂഡല്‍ഹി : നാളെ മുതല്‍ ട്രെയിൻ സര്‍വീസ് ആരംഭിക്കുമ്പോൾ കർശന ജാഗ്രത പാലിക്കാൻ ഇന്ത്യൻ റെയിൽവേയുടെ നിർദേശം. പ്രത്യേക ട്രെയിനിലെ യാത്രക്കാര്‍ക്ക് കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധന നടത്തും. പരിശോധനയില്‍ ലക്ഷണങ്ങളില്ലെന്നു കണ്ടെത്തുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂവെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതിനായി ഒരു മണിക്കൂര്‍ മുമ്പെങ്കിലും റെയിൽവേസ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇന്ത്യൻ റെയില്‍വേ അറിയിച്ചു.

രാജധാനി സര്‍വീസ് നടത്തുന്ന റൂട്ടൂകളിലാണ് നാളെ മുതല്‍ സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 തീവണ്ടികളാണ് ഉണ്ടാകുക എന്ന് റെയില്‍വേ അറിയിച്ചു. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്‌റ്റേഷനുകളിലേക്ക് ന്യൂഡല്‍ഹിയില്‍നിന്നാണ് സര്‍വീസുകള്‍.

പ്രത്യേക സര്‍വീസിന്റെ മുഴുവന്‍ കോച്ചുകളും എസി ആയിരിക്കും. താപനില സാധാരണയില്‍നിന്ന് അല്‍പ്പം കൂടുതല്‍ ആയിരിക്കും. യാത്രക്കാര്‍ക്ക് കമ്പിളിയോ ലിനനോ നല്‍കില്ല. എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും. മാസ്‌ക് നിര്‍ബന്ധമാണ്. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ നിരക്ക് ആയിരിക്കും സ്‌പെഷല്‍ സര്‍വീസിനും.

ആഴ്ചയില്‍ മൂന്നു ദിവസമാകും ഡല്‍ഹി തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. കൊങ്കണ്‍ വഴിയാകും സര്‍വീസുകള്‍. ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകീട്ട് നാലു മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമാകും. 50 ദിവസത്തിന് ശേഷമാണ് രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.