പരോളിലിറങ്ങി തണ്ണിമത്തൻ ലോറിയിൽ കഞ്ചാവ് കടത്ത്; രണ്ടു പേർ അറസ്റ്റിൽ

തൃശൂര്‍: ലോക്ക്ഡൗൺ കാലത്ത് ലഹരി പകരാൻ തണ്ണി മത്തൻ ലോറിയിൽ കേരളത്തിലേക്ക് കഞ്ചാവ്. ആന്ധ്രയിൽ നിന്നെത്തിയ തണ്ണിമത്തൻ ലോറിയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.
രണ്ടുപേർ തൃശൂരിൽ അറസ്റ്റിലായി. വിയ്യൂർ ജയിലിൽ നിന്ന് പരോളിലിറങ്ങിയ തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോൻ എന്നിവരാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 20 കിലോ കഞ്ചാവാണ് പിടികൂടിയത്.

നൂറുകണക്കിന് തണ്ണിമത്തൻ താഴെയിറക്കി പരിശോധിച്ചപ്പോഴാണ് 10 പായ്ക്കറ്റുകളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.ലോക്ക്ഡൗൺ കാലത്ത് ചെക്ക് പോസ്റ്റ് കടന്ന് അശ്യവസ്തുക്കൾ കൊണ്ടുവരുന്നത് എളുപ്പമായതിനാലാണ് ഈ മാർഗ്ഗം ഉപയോഗിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.

കുറഞ്ഞ വിലയ്ക്കാണ് വി‍ജയവാഡയിൽ നിന്നും ഇവർ കഞ്ചാവ് വാങ്ങിയത്. ചെറിയ പായ്ക്കറ്റുകളാക്കി മൂന്നിരട്ടി വിലക്ക് വിൽക്കാനായിരുന്നു പദ്ധതി. നിലവിൽ കഞ്ചാവ് കിലോയ്ക്ക് ഒരു ലക്ഷത്തിലേറെ വിലയുണ്ട്. വിജയവാഡയിലേക്ക് നാളികേരം കൊണ്ടുപോയ ശേഷം തിരിച്ച് നാട്ടിലേക്ക് തണ്ണിമത്തനുമായി വരുമ്പോഴാണ് ഇവർ പിടിയിലായത്.

പിടിയിലായവർ നിരവധി അടിപിടി കേസുകളിൽ പ്രതികളായിരുന്നു. പ്രതിയായ ഷാഹിദ് നേരത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. കൊറോണ കാരണമാണ് വിയ്യൂർ ജയിലിൽ നിന്ന് ഇയാൾക്ക് പരോൾ അനുവദിച്ചത്. ഈസ്റ്റ് എസ്ഐ വിമോദിന്റെ നേതൃത്ത്വത്തിലായിരുന്നു പൊലീസ് നടപടി