വയനാട്ടിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് രോ​ഗം; പകർന്നത് മുത്തച്ഛനുമായുള്ള സമ്പർക്കം വഴി

മാനന്തവാടി: വയനാട്ടിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കൊറോണ നെ​ഗറ്റീവാണ്.

വയനാട് ജില്ലയിൽ ആകെ 1855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1839 പേർ വീടുകളിലാണ്. 16 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ആറ് പേരെയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് വയനാട്ടിൽ ഒരു കുഞ്ഞിനടക്കം എട്ട് പേ‍ർക്ക് രോഗം സ്ഥിരീകരിച്ചത്. എട്ട് പേരുടെയും രോഗത്തിന്‍റെ ഉറവിടം തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറിച്ചന്തയാണെന്നതും ആശങ്ക സൃഷ്ടിക്കുന്നു.

‍കോയമ്പേട് പച്ചക്കറിലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കം രണ്ട് പേർക്കും ഇവരുടെ സമ്പർക്കത്തിൽ വന്ന ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി കൂടുതൽ പേർക്ക് സമ്പർക്കമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്.
അതേസമയം, വയനാട്ടിൽ ഒരു ഹോട്ട്സ്പോട്ട് കൂടി സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നെന്മേനി പഞ്ചായത്താണ് ജില്ലയിലെ പുതിയ ഹോട്ട്സ്പോട്ട്. കോയമ്പേട് പോയി വന്ന ചീരാൽ സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം കോയമ്പേട് മാർക്കറ്റിലെ ജോലിക്കാരനായിരുന്നു.