തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; പേട്ട സിഐയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം∙ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. കല്ലേറിൽ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു .
ഒരു വാതിൽ കോട്ടയിലാണ് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായത്.

നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. തിരുവനന്തപുരത്തെ മാളിന്‍റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും ജില്ലയില്‍ നിന്നുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ക്യാമ്പിലുള്ളവരില്‍ ചിലര്‍ പല അസുഖങ്ങളടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ നടന്ന കല്ലേറില്‍ പേട്ട സിഐ ക്ക് തലക്ക് പരിക്കേറ്റു. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളുമായി പൊലീസ് ചർച്ച നടത്തി. മടങ്ങിപ്പോകുന്നതിന് നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.