കുവൈറ്റ് : കൊറോണ വൈറസ് ബാധ കുവൈറ്റിൽ ക്രമാതീതമായി പെരുകുന്നതിനിടെ ഇന്ത്യക്കാരനായ ഒരു ഡോക്ടർ അടക്കം 9 പേർ മരിച്ചു. കെഒസി ആശുപത്രിയിലെ ദന്തരോഗ വിഭാഗത്തിൽ സേവനമനുഷ്ടിച്ചിരുന്ന ഹൈദരാബാദ് സ്വദേശി ഡോ. ബാവെറ വാസുദേവ റാവു ആണു മരിച്ചത്.
കുവൈറ്റിൽ കൊറോണ ബാധയെ തുടർന്ന് മരണമടയുന്ന രണ്ടാമത്തെ ഡോക്ടറാണ് ഡോ. ബാവെറ. രോഗം ബാധിച്ച് ജാബിർ ആശുപത്രിയിൽ രണ്ടാഴ്ച ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇതോടെ കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചവർ 58 ആയി. ഇന്ന് മരിച്ച മറ്റുള്ളവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
244 ഇന്ത്യക്കാരുൾപ്പെടെ 1065 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. 192 സ്വദേശികൾ 271 ഈജിപ്റ്റുകാർ ,143 ബംഗ്ലാദേശികൾ എന്നിങ്ങനെയാണ് ഇന്ന് കൊറോണ ബാധിച്ചത്.
രാജ്യത്ത് ഇതു വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 8688 ആയി. ഇവരിൽ 3217 പേർ ഇന്ത്യാക്കാരാണ്. 114 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും 45 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് 107പേരാണു രോഗ മുക്തി നേടിയത്. ഇതോടെ രോഗം സുഖമായവരുടെ എണ്ണം 2729 ആയി.5901
പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.