ഡെൽഹിയിലെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും പ്രത്യേക ആശുപത്രി വേണമെന്ന് ഡോക്ടർമാർ

ന്യൂഡെൽഹി: ഡെൽഹിയിലെ ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കുമായി പ്രത്യേക ആശുപത്രി വേണമെന്നാവശ്യപെട്ടു ഡോക്ടർമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു.
ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

വിവിധ ആശുപത്രികളിലെ നിരവധി ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഇതിനോടകം കൊറോണ വൈറസ്‌ ബാധിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മറ്റു പല ഹോട്ടലുകളും ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. അതിനാൽ ഞങ്ങളുടെ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സാധ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രത്യേക ആശുപത്രി നീക്കിവെക്കണമെന്നാണ് അതുവഴി അവരുടെ സുരക്ഷയും വൈദ്യസഹായവും ഉറപ്പുവരുത്താനാവുമെന്നും ഡോക്ടർമാരുടെ സംഘടന കത്തിൽ വ്യക്തമാക്കിക്കിയിട്ടുണ്ട്.

കൊറോണ ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടേയും അവരുടെ കുടുംബങ്ങളുടേയും ചികിത്സക്കായി ഡൽഹി സർക്കാർ മൂന്ന് ഹോട്ടലുകളിലായി 170 റൂമുകളാണ് നീക്കിവെച്ചിരിക്കുന്നത്. ആശാവർക്കർമാർ, ശുചിത്വ തൊഴിലാളികൾ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് സർക്കാർ ഈ സൗകര്യം ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സമാന സൗകര്യങ്ങൾ വേണമെന്ന ആവശ്യവുമായി ഡോക്ടർമാർ രംഗത്തെത്തിയിട്ടുള്ളത്.