ദിവസേന 2,00,000 കിറ്റുകൾ; കൊറോണ ടെസ്റ്റ് കിറ്റ് ഉത്പാദനം വർധിപ്പിച്ച് മൈലാബ്ഡിസ്കവറിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും

പൂനെ: കൊറോണ വൈറസ്‌ ടെസ്റ്റ് കിറ്റുകളുടെ ഉത്പാദനം ഇന്ത്യ വർധിപ്പിച്ചു. പൂനെ ആസ്ഥാനമായ മൈലാബ്ഡിസ്കവറി സൊല്യൂഷൻസ്, സെറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യുമായി സഹകരിച്ച് ദിവസേന 2,00,000 കിറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നത്. ഏപ്രിൽ ആദ്യം വാരം 20,000 മാത്രമായിരുന്നു നിർമിച്ചുകൊണ്ടിരുന്നത്.

ടെസ്റ്റ് കിറ്റ് നിർമാണം വർധിക്കുന്നതോടെ ഇന്ത്യയിൽ കൊറോണ ടെസ്റ്റുകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും കൊറോണക്കെതിരായുള്ള പ്രതിരോധപ്രവർത്തനത്തിന് ആക്കം കൂടുകയും ചെയ്യുമെന്ന് എസ്എസ്ഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാല പറഞ്ഞു.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ(CSDSO) നിന്ന് കിറ്റ് നിർമാണത്തിനുള്ള അനുമതി നേടിയ ആദ്യ കമ്പനിയാണ് മൈലാബ്. മൈലാബ് കൂടാതെ മറ്റു ആറ് കമ്പനികൾക്ക് കൂടി ടെസ്റ്റ് കിറ്റ് നിർമാണത്തിന് സിഎസ്ഡിഎസ്ഒ അനുമതി നൽകിയിട്ടുണ്ട്.

കൂടുതൽ കമ്പനികൾ RT-PCR കിറ്റുകളുടെ നിർമാണം വർധിപ്പിക്കുന്നതോടെ ഇന്ത്യയിൽ നിന്ന് കിറ്റുകൾ മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. മുംബൈ ആസ്ഥാനമായ മെറിൽ ഡയഗണോസ്റ്റിക്സിന്റെ പക്കൽ 2,00,000 കിറ്റുകൾ സ്റ്റോക്കുണ്ട്. മാസം 50 ലക്ഷം കിറ്റുകളുടെ നിർമാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞതിന് ശേഷം കയറ്റുമതി ചെയ്യുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് കമ്പനിയുടെ ബിസിനസ് ഹെഡ് അനിൽ ഗ്രോവർ പറഞ്ഞു. അതേസമയം അടുത്ത മൂന്ന് മാസത്തേക്ക് കയറ്റുമതിക്കാര്യം ആലോചനയില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ കയറ്റുമതി മേഖലയുടെ വികസനത്തിനും ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.