ന്യൂഡൽഹി : എയർ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഗ്വാൻഷുവിലേക്കുള്ള എയർ ഇന്ത്യ കാർഗോ വിമാനങ്ങളിലെ പൈലറ്റുമാർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടിക്ക് പ്രവേശിക്കുന്നതിന് മുൻപായുള്ള പ്രീ-ഫ്ളൈറ്റ് കൊറോണ പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്താനായത്. അതേസമയം നേരത്തെ ഇവർക്ക് ആർക്കും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല
ഇവർ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങൾ പറത്തിയിരുന്നതായും എയർ ഇന്ത്യ അറിയിച്ചു. മെഡിക്കൽ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു സർവീസ്. അവസാന യാത്ര കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഏപ്രിൽ 18നാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടു വരുന്നതിനായി എയർ ഇന്ത്യ വിമാനം ഗ്വാൻഷുവിലെത്തിയത്. ഇത് കൂടാതെ ഷാങ്ഹായിലേക്കും ഹോങ്ക്കോങ്ങിലേക്കും എയർ ഇന്ത്യ കാർഗോ വിമാനങ്ങളുടെ സർവീസ് നടത്തിയിരുന്നു. സർക്കാർ മാർഗനിർദേശ പ്രകാരം വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ പൈലറ്റുമാരേയും കൊറോണ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധന ഫലം നെഗറ്റീവായാൽ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.