എറണാകുളത്ത് അഞ്ചുവയസുകാരനും അമ്മയ്ക്കും രോഗം; വയനാട്ടിൽ സമ്പർക്കത്തിലൂടെ രണ്ടു പേർക്ക് വൈറസ് ബാധ; രണ്ടു പേർ പ്രവാസികൾ

കൊച്ചി: ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നു വന്ന അഞ്ചുവയസുകാരന്. കുട്ടിയുടെ അമ്മ കൊറോണ ബാധിച്ച് ചികിത്സയിലാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം ജില്ലക്കാരിയായ ഇവര്‍ കിഡ്നി ചികിത്സക്കായാണ് കഴിഞ്ഞ മെയ് ആറിന് കേരളത്തിലേക്ക് റോഡ് മാര്‍ഗം എത്തിയിരുന്നത്. ഇവരുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ 3 പേരെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.

സംസ്ഥാനത്ത് ഇന്ന് 7 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എറണാകുളത്തിനൊപ്പം വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും മലപ്പുറം ജില്ലയിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ വയനാട്ടിൽ നിന്നുള്ള രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട്ടിലെ മൂന്നാമത്തെ രോഗി കോയമ്പേട് നിന്നും വന്നയാളാണ്. ഇവർ മൂന്ന് പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തൃശ്ശൂരിലേയും മലപ്പുറത്തേയും കൊവിഡ് രോഗികൾ ഏഴാം തീയതിയിലെ അബുദാബി-കൊച്ചി വിമാനത്തിൽ കേരളത്തിലെത്തിയവരാണ്. എറണാകുളം ജില്ലയിലെ ആളും ചെന്നൈ കോയമ്പേട് ക്ലസ്റ്റിൽപ്പെട്ട രോഗിയാണ്. ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും കേസുകൾ ഒരുമിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.