ന്യൂഡെൽഹി : ഡെൽഹിയിൽ കൊറോണ ബാധിച്ച മരിച്ചവരുടെ കണക്കുകളിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. ഡെൽഹി സർക്കാർ പുറത്തുവിടുന്ന കണക്കുകളും ആശുപത്രികളിൽ നിന്നുള്ള കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ആശുപത്രിയിൽ നിന്നുള്ള മരണസംഖ്യ കണക്കുകളേക്കാൾ കുറച്ചാണ് ഡെൽഹി സർക്കാർ പുറത്തുവിടുന്ന കണക്കുകൾ. ലോക് നായക് ആശുപത്രി, രാം മനോർ ലോഹ്യ ആശുപത്രി, എൽ.എച്ച് മെഡിക്കൽ കോളേജ്, എയിംസ് ഡൽഹി, ജാജ്ജാർ സെന്ററുകളിൽനിന്നും പുറത്തുവിട്ട കണക്കുകൾ പ്രകാരം 116 കൊറോണ മരണങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. ഈ കണക്കുകൾ ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി വരെ സർക്കാർ കണക്കുകൾ പറയയുന്നത് സംസ്ഥാനത്ത് 66 കൊറോണ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. ഈ ആശുപത്രികളിൽ നിന്നായി 33 മരണങ്ങൾ മാത്രമാണ് സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്നാണ് സർക്കാർ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
എന്നാൽ സർക്കാർ കൊറോണ സെന്ററുകളായ ആശുപത്രികളിൽനിന്നു കൃത്യമായ കണക്കുകൾ ശേഖരിക്കുന്നുണ്ടെന്നും മരണങ്ങൾ ഒന്നും വിട്ടുപോയിട്ടില്ലെന്നുമാ ഡെൽഹി സർക്കാർ വൃത്തങ്ങൾ പറയുന്നത്.
അതേസമയം മരണസംഖ്യയിൽ തെറ്റ് സംഭവിച്ചാൽ ഉടൻ ബന്ധപ്പെട്ട് തിരുത്താറുണ്ടെന്നും പ്രസ്തുത ആശുപത്രി സൂപ്രണ്ടുമാരും പ്രതികരിച്ചു.
ഡെൽഹി സർക്കാർ പുറത്തു വിടുന്ന കൊറോണ കണക്കുകൾ തെറ്റാണെന്നു ആരോപിച്ചു പ്രതിപക്ഷം നേരത്തെ രംഗത്ത എത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല.