പാലക്കാട്: ഇതര സംസ്ഥാനങ്ങളിലുളള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ പാസ് വിതരണം വീണ്ടും തുടങ്ങി. പാസ് ലഭിക്കാതെ അതിര്‍ത്തികളില്‍ നൂറുകണക്കിന് മലയാളികള്‍ കഷ്ടപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. റെഡ് സോണുകളില്‍ നിന്നുവരുന്നവര്‍ക്ക് ഒഴികെ പാസ് അനുവദിക്കാനാണ് പുതിയ തീരുമാനം.
മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നാട്ടിലേക്ക് കടക്കാനായി ഇന്നും മലയാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവരില്‍ പാസ് ഉളളവരെ കടത്തിവിടാന്‍ മാത്രമാണ് അധികൃതര്‍ തയ്യാറാകുന്നത്. ഇതോടെ പാസില്ലാതെ വന്നവര്‍ ദുരിതത്തിലായി. ഭക്ഷണവും വെളളവും കിട്ടാതെ നിരവധിപ്പേരാണ് പ്രയാസം അനുഭവിച്ചത്. കൊറോണ ഭീതിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ എത്തിയത്.
കഴിഞ്ഞ ദിവസം പാസ് വിതരണം പുനരാരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് പാലക്കാട് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. അതുമൂലം നിരവധി മലയാളികളാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങി കിടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ ഒരാള്‍ കുഴഞ്ഞുവീണതും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. ഇവരെ നാട്ടിലേക്ക് കടത്തിവിടാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ വി കെ ശ്രീകണ്ഠന്‍ എംപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അതിനിടെ, കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ചില സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണവും വെളളവും നല്‍കിയത് ആശ്വാസമായി.