ന്യൂഡെൽഹി: ഇനി ഏറെ താമസമില്ല, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നശിപ്പിക്കുന്നതിന് പദ്ധതിയായി. ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി ഒടുവില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നിരവധി മേഖലകളില്‍ കാര്യമായ ചലനമുണ്ടാക്കുന്ന ഈ നയം വേഗത്തിൽ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി
കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബൈല്‍ മേഖലയ്ക്ക് പിന്തുണയേകുകയെന്ന ലക്ഷ്യത്തിലാണ് ഈ നയം പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ കേന്ദ്ര സർക്കാർഒരുങ്ങുന്നത്. പഴക്കമുള്ള വാഹനങ്ങള്‍ നശിപ്പിക്കേണ്ട സാഹചര്യം വരുമ്പോള്‍ പുതിയ വാഹനങ്ങള്‍ ഡിമാന്റ് കൂടുമെന്നതിനാൽ വ്യാവസായിക വളർച്ചയ്ക്ക് കാരണമാകും. ഒപ്പം പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം കുറയും. പുതിയ വാഹനം വാങ്ങുന്നവരില്‍ കുറച്ചുപേരെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഗുണകരമാകും.
”സ്‌ക്രാപ്പേജ് നയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍തന്നെയുണ്ടാകും. ഇത് വ്യവസായമേഖലയ്ക്ക് ഉണര്‍വ് പകരും. ഇത് നടപ്പിലാകുന്നതിലൂടെ നിര്‍മാണച്ചെലവ് കുറയും.” സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.
നയം നടപ്പില്‍ വരുമ്പോൾ ടൂവീലര്‍, ത്രീവീലര്‍, ഫോര്‍ വീലര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കെല്ലാം ബാധകമാകും.