ബംഗളൂരു: കൊറോണ ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍, മാനസിക വൈകല്യമുള്ള ആളിന്റെ ശവസംസ്‌കാര ചടങ്ങ് നടത്താന്‍ മുന്നിട്ടിറങ്ങി പൊലീസുകാര്‍. ശ്മശാനത്തില്‍ കുഴി എടുത്താണ് കര്‍ണാടകയിലെ മൂന്ന് പൊലീസുകാര്‍ 44 കാരന്റെ അന്തിമ ചടങ്ങുകള്‍ നടത്തി മാതൃകയായത്.
മൈസൂരിന് സമീപമുളള ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. നാലുദിവസം മുന്‍പ് വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് 44 വയസുകാരന് ജീവന്‍ നഷ്ടമായത്. കൊറോണ വൈറസ് ബാധ പിടിക്കുമെന്ന ഭയത്താല്‍ 44 കാരന്റെ കുടുംബക്കാര്‍ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.
വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 44 കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാവാതിരുന്നത്. തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാഡെഗൗഡയുടെ നേതൃത്വത്തില്‍ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.