ന്യൂഡെൽഹി: ലോക് ഡൗണിന് മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരികെ മടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
രാജ്യത്തെ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കിയിരുന്നു. ഇതോടെ അവധിക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരികെ പോകാൻ കഴിയാതെയായി. മടക്കം വൈകിയതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഇവർ പ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ ഇടയിലാണ് അവധിക്ക് നാട്ടിലേക്ക് പോയ ആരോഗ്യ പ്രവർത്തകരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഗൾഫ് രാജ്യങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ ഗൾഫിലേ ആരോഗ്യപ്രവർത്തകർ മതിയാകാതെ വന്നു. വൈറസ് വ്യാപനത്തിന് മുൻപ് തന്നെ ആരോഗ്യപ്രവർത്തകർ നാട്ടിലേക്ക് പോയിരുന്നു. വൈറസ് വ്യാപനം മൂലം ക്രമാതീതമായി രോഗികളുടെ എണ്ണം കൂടിയതും ആരോഗ്യപ്രവർത്തകരുടെ കുറവും ഗൾഫ് രാജ്യങ്ങളിലെ സാരമായി ആരോഗ്യമേഖല ബാധിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലുള്ള ആരോഗ്യപ്രവത്തകരെ തിരിച്ചു അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള അനുകൂല തീരുമാനം എടുത്തത്. ഇവരെ മടക്കിക്കൊണ്ടുപോകുന്നതിന് അതാത് രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.
അതേസമയം ഗൾഫ് വിമാനങ്ങളിലായിക്കും ഇവരെ മടക്കിക്കൊണ്ടുപോവുക എന്നതാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മടങ്ങാനാഗ്രഹിക്കുന്നവർ അവർ ജോലി ചെയ്യുന്ന ആശുപത്രികളുമായി ബന്ധപ്പെടണം. തുടർന്ന് ആ ആശുപത്രികൾ കേന്ദ്രത്തെ ബന്ധപ്പെടുകയും അതാത് രാജ്യങ്ങൾ ഇവരെ മടക്കിക്കൊണ്ടുപോകുന്നിതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വേണം എന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്.