അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാൻസറാണെന്നു വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്
ഗുജറാത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം മുതലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാൻസറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്ക്രീൻഷോട്ടുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ അമിത് ഷായുടെ തന്നെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് ചില വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും ഇത് വ്യാപകമായി പ്രചരിച്ചത്.
തനിക്ക് കാൻസറാണെന്നും മുസ്ലീം സമുദായത്തിൽപ്പെട്ടവർ അടക്കം തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. തുടർന്ന് ട്വിറ്ററിൽ അമിത് ഷാ കാൻസർ എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. എന്നാൽ വ്യാജ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ ശനിയാഴ്ച അമിത് ഷാ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
രാജ്യം നിലവിൽ കൊറോണയെപ്പോലുള്ള ഒരു ആഗോള പകർച്ചവ്യാധിയോട് പോരാടുകയാണ്, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ, ജോലിയിൽ തിരക്കായതിനാൽ എനിക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷേ എന്റെ ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരും എന്റെ അഭ്യുദയകാംക്ഷികളും കഴിഞ്ഞ രണ്ട് ദിവസമായി വളരെയധികം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, അവരുടെ ആശങ്ക എനിക്ക് അവഗണിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ പൂർണ്ണമായും ആരോഗ്യവാനാണെന്നും എനിക്ക് ഒരു രോഗവുമില്ലെന്നും വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.
ഹിന്ദു വിശ്വാസമനുസരിച്ച് ഇത്തരം കിംവദന്തികൾ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, അത്തരത്തിലുള്ള എല്ലാവരോടും അവർ ഈ അർത്ഥശൂന്യമായ കാര്യങ്ങൾ ഉപേക്ഷിച്ച് എന്റെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും അവരുടെ സ്വന്തം ജോലി ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്നുമാണ് അമിത് ഷാ ഇതിനെതിരെ പ്രതികരിച്ചത്.