വാഷിംഗ്ടൺ: ഇനി മുതൽ എല്ലാ ദിവസം താൻ കൊറോണ പരിശോധന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം ട്രംപ് എടുത്തത്.
കൊറോണ സ്ഥിരീകരിച്ചയാളെ തനിക്കറിയാം. അയാൾ നല്ല വ്യക്തിയാണ്. എന്നാൽ തനിക്കും വൈസ് പ്രസിഡന്റ് മൈക്കിനും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും ഞങ്ങൾ കൊറോണ പരിശോധന നടത്തിയിട്ടുണ്ട്. വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാൽ താനും മൈക്ക് പെൻസും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കൊറോണ പരിശോധന നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ തന്നെ ട്രംപ് എല്ലാ ആഴ്ചയിലും ഒന്ന് എന്ന നിലയിൽ കൊറോണ പരിശോധന നടത്തിയിരുന്നു.
അതേസമയം അമേരിക്കൻ കൊറോണ ഇത്രയധികം പടർന്നു പിടിച്ചിട്ടും അമേരിക്കൻ പ്രസിഡന്റ് മാസ്ക് പോലും ധരിക്കാത്തത് വലിയ ചർച്ചയായിരുന്നു. ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കൻമാരെ, റാണിമാരെ ഒക്കെ കാണുമ്പോൾ ഞാൻ മാസ്ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, ഞാൻ മാസ്ക് ധരിക്കാൻ പോകുന്നില്ല, നിങ്ങളും വേണമെങ്കിൽ ധരിച്ചാൽ മതി എന്നായിരുന്നു ട്രംപിന്റെ മറുപടി.