കൊറോണക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി സുതാര്യത കാട്ടണം: രാഹുൽ

ന്യൂഡെൽഹി : കൊറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒതുങ്ങി നിൽക്കുന്നതിന് പകരം സംസ്ഥാനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് രാഹുൽ ഗാന്ധി.

കൊറോണ വൈറസിനെ നേരിടാൻ സംസ്ഥാനങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള സുതാര്യത പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് വീഡിയോ കോൺഫറൻസ് പത്രസമ്മേളനത്തിൽ രാഹുൽ, നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

പകർച്ചവ്യാധി തടയാനുള്ള അവശ്യ വിഭവങ്ങൾ കേന്ദ്രം നൽകാതെ വരുമ്പോൾ ആളുകളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് തള്ളിവിടുന്നത്. സമ്പത്ത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി വ്യവസായ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക പാക്കേജുകൾ അനുവദിക്കണമെന്നും സാധാരണക്കാരെ സഹായിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

തൊഴിലവസരങ്ങൾ നൽകുന്ന വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഉടൻ തന്നെ ഒരു സാമ്പത്തിക പാക്കേജ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൽ ഉടൻ നടപടി വേണം. കൂടുതൽ സമയം നഷ്ടപ്പെടുമ്പോൾ അത് മോശമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.