തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഡിഗ്രി അവസാന സെമസ്റ്റർ പരീക്ഷകൾ മെയ് 21 ന് ആരംഭിക്കുമെന്ന പ്രഖ്യാപനം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികൾക്കാണ് ഏറെ ആശങ്ക. മാറ്റിവച്ച അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലൈ മാസത്തിൽ നടത്താനാണ് യുജിസി നിർദ്ദേശിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ് അദ്ദേഹത്തിൻ്റെ ഇടപെടലുകളെന്ന് പരക്കെ ആക്ഷേപമുണ്ട്.
സർവ്വകലാശാല പരീക്ഷകൾ വേഗത്തിൽ നടത്തി ഖ്യാതി നേടാൻ സർവ്വകലാശാലയ്ക്കുമേൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നത് കൊണ്ടാണ് ലോക്ക് ഡൗൺ കഴിയുന്ന മുറക്ക് തന്നെ അവസാന വർഷ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നു സർവകലാശാല ഉദ്യോഗസ്ഥർ പറയുന്നു.
സർവകലാശാല പരീക്ഷാവിഭാഗത്തിൽ പോലും വളരെ കുറച്ചു ജീവനക്കാർ മാത്രമേ ഇപ്പോൾ ഹാജരാകുന്നുള്ളു. ജനുവരിയിൽ നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പൂർണമായും പരീക്ഷാ വിഭാഗത്തിൽ കെട്ടികിടക്കുകയാണ്. അവ അധ്യാപകരുടെ വീടുകളിൽ എത്തിച്ചിരുന്നുവെങ്കിൽ അവധിക്കാലത് മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയുമായിരുന്നു. അതു പോലും ചെയ്യാതെയാണ് തിരക്കിട്ട് പരീക്ഷകൾ നടത്താൻ തിടുക്കം കൂട്ടുന്നതെന്ന് അധ്യാപകർ പറയുന്നു.
പരീക്ഷകൾ മാറ്റിയതിനെ തുടർന്ന് നല്ലൊരു പങ്കു വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പം വിദേശത്തോ അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ മാറി താമസിക്കുകയാണ്. അവർ ലോക്ക് ഡൌൺ കഴിഞ്ഞ് തിരിച്ച് എത്തിയാലും ക്വാറന്റൈൻ കാലാവധി കഴിയാതെ പരീക്ഷ എഴുതാനാവില്ല. ഈ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുന്ന കാര്യവും സർവകലാശാലയുടെ പരിഗണയിലാണ്. എന്നാൽ കൃത്യമായി പരീക്ഷകൾ പോലും നടത്താൻ ബുദ്ധിമുട്ടുന്ന സർവ്വകലാശാല ഈ വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിദ്യാർഥികൾ വിശ്വസിക്കുന്നില്ല.