കൊറോണക്കെതിരേ കണ്ടുപിടിച്ച കഫ്സിറപ്പ് കുടിച്ച് ജനറൽ മാനേജർ മരിച്ചു; ഉടമ ആശുപത്രിയിൽ

ചെന്നൈ: കൊറോണ വൈറസിനെതിരെ കണ്ടെത്തിയ കഫ്സിറപ്പ് കുടിച്ച് ചെന്നൈയിലെ ബയോടെക് സ്ഥാപനത്തിന്റെ ജനറൽ മാനേജർ മരിച്ചു. കഴിഞ്ഞ കുറച്ചു നാളായി കൊറോണ അണുബാധക്കുള്ള മരുന്ന് കണ്ടെത്തുന്ന പ്രക്രിയയിലായിരുന്നു ബയോടെക് സ്ഥാപനത്തിന്റെ ജനറൽ മാനേജരും സ്ഥാപകനും. വൈറസിനെതിരായി ഇവർ കണ്ടെത്തിയ ചുമ സിറപ്പ് കുടിച്ചതോടെയാണ് സ്ഥാപനത്തിന്റെ ജനറൽ മാനേജരായ 47 കാരൻ ശിവനേസന മരിച്ചത്.

ഇയാളോടൊപ്പം സ്ഥാപനത്തിന്റെ ഉടമ രാജ്കുമാറും സിറപ്പ് കുടിച്ചിരുന്നു. എന്നാൽ ഇയാളുടെ ആരോഗ്യ സ്ഥിതി ഇപ്പോൾ തൃപ്തികാര്യമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

സിറപ്പ് കഴിച്ചയുടനെ ഇരുവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കു കയായിരുന്നു.

ശിവനേസൻ കൂടുതൽ ഡോസ് കഴിച്ചതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. എന്നാൽ രാജ്കുമാർ ഏതാനും തുള്ളികൾ മാത്രം കഴിച്ചതുകൊണ്ട് അയാൾ ബോധരഹിതനാകുക മാത്രമാണ് ചെയ്തതെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. അതേസമയം പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.