ലോക്ക് ഡൗൺ നീക്കിയാൽ കൊറോണ വ്യാപനം കുതിച്ചുയരും: ലോകാരോഗ്യ സംഘടന

ജനീവ : ലോക്ക്ഡൗൺ നടപടികൾ വളരെ വേഗത്തിൽ എടുത്തുകളഞ്ഞാൽ കൊറോണ വൈറസ് വ്യാപനം കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന.
നിയന്ത്രണങ്ങളിൽ രാജ്യങ്ങൾ ഇളവ് വരുത്തുന്നതിനെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ ജാഗ്രത മുന്നറിയിപ്പ്.
അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ്‌ പൂർണമായും ഭൂലോകത്തു നിന്നും ഇല്ലാതായിട്ടില്ല അതുകൊണ്ട് തന്നെ നിയന്ത്രങ്ങളിൽ ഇളവ് നൽകുന്നതും നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതും ആലോചിച്ച് തീരുമാനിക്കണമെന്നു ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർകോവ് ടെഡ്രോസ് പറഞ്ഞു.

വൈറസ്‌ വ്യാപനം പരിശോധിക്കാൻ രാജ്യങ്ങൾ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈൻ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണിൽ നിന്നുള്ള പരിവർത്തനം രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ലാതെ പകർച്ചവ്യാധി ക്ഷയിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടേറിയതാണെന്നും ടെഡ്രോസ് പറഞ്ഞു.

ലോക് ഡൗൺ നിയന്തണങ്ങൾ എല്ലാം മാറ്റി രാജ്യം തുറക്കാനുള്ള പദ്ധതിയുമായാണ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നീങ്ങുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്.