ലോക് ഡൗൺ നിയന്ത്രണങ്ങൾ വ്യക്തമല്ല; വായ്പാ തിരിച്ചടവിന് ഇളവ് വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ലോക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന വ്യാപാരികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി. കേരളത്തിലെ മൂന്ന് ലക്ഷം വ്യാപാരികൾ കടക്കെണി മൂലം കടകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്കാണ് പോകുന്നതെന്നും ഇവർ പറഞ്ഞു.

അതേസമയം ലോക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പോലീസുകാരും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനാൽ ഇതുമൂലം പൊതുജനവും വ്യാപാരികളും വലയുകയാണ്.
ആറുമാസത്തെ വായ്പാ തിരിച്ചടവ് താത്കാലികമായി വേണ്ടെന്നുവെക്കണമെന്നും എല്ലാ വായ്പാ കാലാവധിയും ആറുമാസത്തേക്കുകൂടി നീട്ടി ഇതേ തുക തിരിച്ചുപിടിക്കുന്ന രീതിയിലുള്ള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ലോക് ഡൗണിനു ശേഷം രാജ്യത്താകെ 2.25 കോടി വ്യാപാരികൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. ലോക് ഡൗൺ മൂലം ദിവസേനയുള്ള 15,000 കോടി രൂപയുടെ വ്യാപാരമാണ് നിലച്ചിരിക്കുന്നത്. ഇതിലൂടെ 6.30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ നഷ്ടം ഇവർക്ക് ഒറ്റക്ക് നികത്താൻ സാധിക്കില്ലായെന്നാണ് വ്യാപാരികൾ പറയുന്നത്.