വന്ദേ ഭാരത് : ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്നും പറന്നു

കൊച്ചി : ഗള്‍ഫിലും വിദേശരാജ്യങ്ങളിലും കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ചരിത്ര ദൗത്യത്തിന് തുടക്കമായി. ദൗത്യത്തിന് തുടക്കം കുറിച്ച് ആദ്യ വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്നത്. രാത്രി 9.40 ഓടെ 177 പ്രവാസി മലയാളികളുമായി വിമാനം നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യും. രാത്രി 10.30 ഓടെയാണ് ദുബായില്‍ നിന്നുള്ള വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തുക. 170 പേരാണ് ഈ വിമാനത്തിലുണ്ടാകുക.

കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ 19 ഗര്‍ഭിണികളും 10 വയസ്സില്‍ താഴെ പ്രായമുള്ള ഏഴ് കുട്ടികളുമുണ്ട്. മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലായി 75 വയസ്സിന് മുകളില്‍ പ്രായമുള്ള ആറുപേരും ഉള്‍പ്പെടുന്നു. കരിപ്പൂരിലെത്തുന്ന 85 പേരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.ഒമ്പത് ജില്ലക്കാരാണ് കരിപ്പൂരിലെത്തുക. നെടുമ്പാശ്ശേരിയില്‍ എത്തുന്ന 179 പേരില്‍ 73 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്.

പ്രവാസികളുമായി എത്തുന്ന വിമാനങ്ങളില്‍നിന്ന് ഇരുപതുപേരുള്ള സംഘം ആയാകും യാത്രക്കാരെ പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്.വിമാനത്തിന് പുറത്തെത്തുന്ന പ്രവാസികളെ എയ്‌റോ ബ്രിഡ്ജിന് പുറത്ത് പ്രത്യേകമായി നിശ്ചിയിച്ചിരിക്കുന്ന സ്ഥലത്ത് വച്ച് താപ പരിശോധന നടത്തും.പ്രവാസികള്‍ വരുന്ന വിമാനവുമായി ബന്ധപ്പെടുന്ന വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും പി.പി.ഇ. കിറ്റുകള്‍ ധരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ പ്രവാസികള്‍ക്ക് നല്‍കുകയുള്ളൂ.

വിമാനങ്ങള്‍ എത്തുന്നതിന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ മൂന്നുമണിക്ക് മോക്ക്ഡ്രില്‍ നടത്തും. കരിപ്പൂരില്‍ ഏഴു മണിക്കാണ് മോക് ഡ്രില്‍. പ്രത്യേക അനുമതി ലഭിച്ച വിമാനത്താവള ജീവനക്കാരെ മാത്രമേ യെര്‍പോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കൂ. അതിനിടെ വന്ദേഭാരതം പദ്ധതിയുടെ ഭാഗമായി നാവിക സേന കപ്പല്‍ മാലിദ്വീപിലെത്തി. ഐഎന്‍എസ് ജലാശ്വയാണ് മാലിദ്വീപിലെത്തിയത്. ഇവിടെ നിന്നുള്ള ഇന്ത്യാക്കാരുമായി കപ്പല്‍ നാളെ യാത്ര തിരിക്കും.