ന്യൂഡെൽഹി: മഹാരാഷ്ട്ര, ഡെൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കൊറോണ രോഗബാധ നിരക്കിലെ കുതിപ്പ് അതിതീവ്രഘട്ടത്തിലേക്ക് കടന്നുവെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി ഉയർന്നു. 11 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആരോഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 16758 പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1223 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 34 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 651 ആയി.അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സംഘം, മഹാരാഷ്ട്ര സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.