വിശാഖപട്ടണത്തെ വിഷവാതക ചോർച്ച; 200 പേർ ആശുപത്രികളില്‍; പ്രധാനമന്ത്രി യോഗം വിളിച്ചു

വിശാഖപട്ടണം : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിലായിരുന്നു യോഗം. ആഭ്യന്തര മന്ത്രാലയത്തിലെയും ദേശീയ ദുരന്തനിവാരണ അതോറിട്ടിയിലെയും ഉദ്യോഗസ്ഥരോടും അദ്ദേഹം സംസാരിച്ചു.

വിശാഖപട്ടണത്തെ ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വാതകചോർച്ച ഉണ്ടായത്. സ്റ്റെറീൻ എന്ന വിഷവാതകമാണ് പ്ലാന്റിൽ നിന്നും ചോർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിഷവാതകം ശ്വസിച്ചു എട്ടുപേരാണ് മരിച്ചത്. മൂന്നു പേര്‍ വെന്റിലേറ്ററിലാണ്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പെടുന്നുയെന്നാണ് റിപോർട്ടുകൾ. വിഷവാതകം ശ്വസിച്ച് ഇതുവരെ 1000ല്‍ അധികം പേര്‍ രോഗികളായെന്നാണ് റിപോര്‍ട്ട്. 200 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ വിഷവാതകം ശ്വസിച്ച് കിംഗ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേര്‍ മരിച്ചതായി ഹോസ്പിറ്റല്‍ സൂപ്രണ്ട് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വെങ്കിട്ടപുരത്തെ കനാലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ബൈക്ക്​ യാത്രക്കിടെ ബോധരഹിതരായി വീണവരുടെയും അഴുക്കുചാലുകളിൽ വീണുകിടക്കുന്നവരുടെയും ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.


മനുഷ്യർക്ക്​ പുറമെ കന്നുകാലികളും ഈ ദുരന്തത്തിന്​ ഇരയായി തീർന്നിട്ടുണ്ട്. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് വിശാഖപട്ടണം പോലിസ് പറയുന്നത്.

വിശാഖപട്ടണത്തെ സ്ഥിതി സംബന്ധിച്ച് എം‌എച്ച്‌എ ആഭ്യന്തര മന്ത്രാലയ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും സ്ഥിതികൾ നിരീക്ഷിച്ചു വരുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വിശാഖപട്ടണത്ത് എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാൻ പ്രാർത്ഥിക്കുന്നു, എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാനും സാഹചര്യം നിയന്ത്രണവിധേയമാക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ജില്ലാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി ആന്ധ്ര മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രസിഡന്റ് രാം നാഥ് കോവിന്ദ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.