പുലിറ്റ്സർ പുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ച രാഹുൽ ഗാന്ധി ദേശവിരുദ്ധനെന്ന് ബിജെപി

ന്യൂഡൽഹി: പുലിറ്റ്സർ ജേതാക്കളെ അഭിനന്ദിച്ച രാഹുൽ ഗാന്ധിയെ ‘ദേശവിരുദ്ധനായ രാഹുൽ ഗാന്ധി’ എന്ന ട്വീറ്റ് ചെയ്ത ബിജെപി വക്താവ് സാംബിത് പത്ര. 2020 ലെ പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായ ജമ്മുകശ്മീരിലെ നിന്നുള്ള മാധ്യമപ്രവർത്തകരെ അഭിനന്ദിച്ചതിനാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി രംഗത്തത്തിയത്.

പ്രതിപക്ഷ പാർട്ടി കശ്മീർ താഴ്വരയെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നുണ്ടോയെന്നും കശ്മീരിനെ ഒരു തർക്ക പ്രദേശമായി കണക്കാക്കുന്നവരെയാണ് രാഹുൽ ഗാന്ധി അഭിനന്ദിച്ചതെന്നും സാംബിത് പത്ര പറഞ്ഞു.

ദേശവിരുദ്ധനായ രാഹുൽ ഗാന്ധി’ എന്ന ഹാഷ്ടാഗോടു കൂടിയാണ് പത്രയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവർ പകർത്തിയ ചിത്രങ്ങളുടെ ഉള്ളടക്കത്തോട് താങ്കൾ യോജിച്ചുകൊണ്ടാണോ ഇവരെ പ്രശംസിക്കുന്നതെന്നും പത്ര വിമർശിച്ചു.

നേരത്തെ 2020 ലെ പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായ ജമ്മുകശ്മീരിൽ നിന്നുള്ള ദർ യാസിൻ, മുക്തർ ഖാൻ, ചന്ന് ആനന്ദ് എന്നീ മൂന്ന് മാധ്യമപ്രവർത്തകരെ രാഹുൽ ഗാന്ധി അഭിനന്ദിച്ചിരുന്നു. ” ജമ്മു കശ്മീരിലെ ജീവിതത്തിന്റെ ശക്തമായ ചിത്രങ്ങൾക്ക് പുലിറ്റ്‌സർ സമ്മാനം നേടിയ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുകളായ ദാർ യാസിൻ, മുഖ്താർ ഖാൻ, ചാനി ആനന്ദ് എന്നിവർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.” എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

ഇവർ മൂവരും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സുമായി ചേർന്ന് ആണ് പ്രവർത്തിക്കുന്നത്. ഓഗസ്റ്റിൽ ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെ തുടർന്ന് ലോക്ക്‌ ഡൗൺ തുടങ്ങിയതിനു ശേഷമുള്ള കാശ്മീരിലെ ജീവിതങ്ങൾ പകർത്തിയതിനാണ് മൂവരും അവാർഡിന് അർഹരായത്. പുലിറ്റ്‌സർ വിജയികളുടെ പട്ടികയിൽ ഉൾപ്പെടുന്നതും എന്റെകഥ ലോകവുമായി പങ്കിടുന്നതും വലിയ അംഗീകാരമാണെന്ന് ജേതാക്കളിൽ ഒരാളായ യാസീൻ പ്രതികരിച്ചു. നിരവധിപേർ ഇവർക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. നാഷണൽ കോൺഫറൻസ് ലീഡർ ഒമർ അബ്ദുള്ളയും അവാർഡിനർഹമായവർക്ക് അഭിനന്ദനവുമായി ടിറ്ററിൽ എത്തി.