തിരുവനന്തപുരം:കൊറോണ ഡ്യൂട്ടിയുടെ ഭാഗമായി റേഷൻ കടകളിൽ അധ്യാപകരെ നിയമിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഇവരെ കുറിച്ചുള്ള ട്രോളുകളാണ്.
കഴിഞ്ഞ ദിവസമാണ് അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിച്ച് കണ്ണൂർ കളക്ടർ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇതൊരു ആഘോഷമാക്കി ട്രോളന്മാർ മാറ്റിയത്. രസകരമായ ഒട്ടേറെ ട്രോളുകളാണ് അധ്യാപകരെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. എവിടെ നോക്കിയാലും റേഷൻ കടകളിൽ ജോലി ചെയുന്ന അധ്യാപകരെ കുറിച്ചുള്ള ട്രോളുകൾ മാത്രം.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരെയാണ് കണ്ണൂർ കളക്ടർ ജോലിക്ക് നിയമിച്ചത്. നഗരസഭകൾ, വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്ക് ഇതു സംബന്ധിച്ചുള്ള ഉത്തരവ് അയച്ചു കഴിഞ്ഞു.
സർക്കാർ നൽകുന്ന സൗജന്യ റേഷൻ വിതരണം കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ലക്ഷ്യം. ഇവരുടെ സാന്നിധ്യത്തിലാണ് ഹോം ഡെലിവറി നടത്തേണ്ടത്. അതാത് പ്രദേശത്തെ അധ്യാപകരെ റേഷൻ കടകളിൽ നിയമിക്കണമെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം.