തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ഡെൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ മദ്യത്തിൽനിന്ന് നികുതിയായോ സെസ് ആയോ കൂടുതൽ വരുമാനം കണ്ടെത്താനാണ് സർക്കാർ ആലോചിക്കുന്നത്.
മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് മുമ്പ് അധിക നികുതിയിൽ തീരുമാനമുണ്ടായേക്കും. കേരളത്തിൽ മദ്യത്തിന് ഇപ്പോൾ പലതട്ടുകളായി 100 മുതൽ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാൽ സെസ് ചുമത്താനാണ് കൂടുതൽ സാധ്യത.
മറ്റുവരുമാനങ്ങൾ കുത്തനെ കുറഞ്ഞതിനാൽ ഡൽഹി സർക്കാർ മദ്യത്തിന്റെ ചില്ലറവിലയിൽ 70 ശതമാനം ‘കോവിഡ് പ്രത്യേക ഫീ’ ചുമത്തിയിരുന്നു. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാൻ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തിൽ 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം നേടിയിരുന്നു.