തിരുവനന്തപുരം: ജില്ല വിട്ടു മറ്റു ജില്ലകളിൽ പോകുന്നവർക്കു വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. നേരത്തേ പാസ് ലഭിക്കാനായി അതത് പൊലീസ് സ്റ്റേഷനിലാണ് ബന്ധപ്പെടേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഇതു ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്.
ഇനി മുതൽ www.pass.beasfe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. ലിങ്ക് മൊബൈലിൽ ലഭിക്കും.
രോഗപ്രതിരോധത്തിന്റേയും ജാഗ്രതയുടെയും ഒന്നര മാസക്കാലം പിന്നിട്ടിട്ടും ലോക്ഡൗൺ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമലംഘനത്തിന്റെ പേരിൽ ഒരു കേസും ഉണ്ടാകാത്ത ദിനങ്ങളാണ് വേണ്ടത്. പൊലീസ് കർക്കശ നിലപാട് എടുക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്. പൊലീസിനെ അത്തരമൊരു നിലപാടിലേക്കു നയിക്കാത്ത സമീപനം പൊതുവെ സ്വീകരിക്കണം.
കണ്ടെയ്മെന്റ് സോണുകളിലെ ലംഘനം കർശനമായി നേരിടും. വാളയാറിൽ വൻ തിരക്കാണ്. വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുന്നു. പരിശോധന വേഗത്തിലാക്കും. നാടുകാണി ചുരം വഴി കേരളത്തിലേക്ക് വരാൻ അനുമതി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കർണാടകയിൽനിന്നും ഊട്ടിയിൽനിന്നും മലപ്പുറത്തേക്ക് ഇപ്പോൾ 150 കിലോമീറ്റർ ചുറ്റണം എന്നാണു പരാതി. കർണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹാരത്തിനു ശ്രമിക്കും. കാർഷിക വൃത്തിയിലും അനുബന്ധപ്രവർത്തനങ്ങള്‍ക്കും നിയന്ത്രണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ ആവശ്യങ്ങള്‍, മരണാനന്തരചടങ്ങുകള്‍, ലോക്ഡൗണില്‍ കഴിഞ്ഞശേഷം കുടുംബത്തെ സന്ദര്‍ശിക്കാന്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാന്‍, ജോലിയില്‍ പ്രവേശിക്കാന്‍, കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്താന്‍, അടുത്ത ബന്ധുവിന്‍റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. പാസ് ലഭിക്കാനായി അതത് പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.