കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അനുമതി വേണ്ട ; വാഹന ഷോറൂമുകള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗണ്‍ കാലയളവില്‍ കടകള്‍ തുറക്കുന്നതിലെ ആശയകുഴപ്പം അടക്കമുള്ള പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

‘വാഹന ഷോറൂമുകള്‍ക്കും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഒഴികെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകും. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല. ഞായറാഴ്‍ച സംസ്ഥാനത്ത് സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റമദാന്‍ കാലമായതിനാല്‍ ഭക്ഷണം പാര്‍സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം മറ്റ് ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാം. ഭക്ഷണം പാര്‍സല്‍ അയക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.