ശമനമില്ലാതെ കൊറോണ ; മരണം രണ്ടരലക്ഷത്തിലേക്ക്; ഇറ്റലിയിൽ മരണവും രോഗ വ്യാപനവും കുറയുന്നു

വാഷിംഗ്ടൺ: ലോകത്തെ ഭീകരാന്തരീക്ഷത്തിൽ നിർത്തി വൈറസ് പടരുന്നു. ലോകമെമ്പാടും കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു. വൈറസ് മൂലമുള്ള മരണം 2.47 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം പതിനൊന്നര ലക്ഷത്തിലേറെയായി. അമേരിക്കയിലെ മരണസംഖ്യ 67,674 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇറ്റലിയിൽ മരിച്ചത് 174 പേരാണ്. മാർച്ച് 10 ന് ശേഷം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്.

കാനഡയിൽ 160 പേർ കൂടി മരിച്ചു. ഇതോടെ 3,606 പേരാണ് കാനഡയിൽ ഇതുവരെ മരിച്ചത്. 57,148 പേർക്ക് ഇവിടെ രോഗമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ യുകെയിൽ 315 പേർ മരിച്ചു. സ്പെയിനിൽ 164 പേരും ഫ്രാൻസിൽ 135 പേരും കൂടി മരിച്ചു. ഇറ്റലിയിൽ മരണസംഖ്യ 28,884 ആയി. യുകെയിൽ 28,446 പേരും സ്പെയിനിൽ 25,264 പേരും ഫ്രാൻസിൽ 24,864 പേരും മരിച്ചു.

ഒറ്റ ദിവസത്തിൽ ബ്രസീലിൽ 4,588 പേർക്ക് രോഗം കണ്ടെത്തി. 275 പേർ മരിച്ചു. ഇതോടെ ബ്രസീലിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേറെയായി. ലോകത്ത് 11.24 ലക്ഷം പേരുടെ രോഗം മാറി. ഇതിൽ ഏറിയ പങ്കും അമേരിക്കയിലാണ്. രോഗം ഭേദമായവരിൽ 1.80 ലക്ഷം ആളുകൾ അമേരിക്കയിലാണ്. ജർമനിയിൽ 1.30 ലക്ഷം പേരുടെയും സ്പെയിനിൽ 1.18 ലക്ഷം പേരുടെയും രോഗം ഭേദമായി.

ഇറാനിൽ മരണസംഖ്യ 6,203 ആയി ഉയർന്നു. 97,424 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ലോകമെമ്പാടും 3,503,533 പേർക്കാണ് വൈറസ് പിടിപെട്ടത്. സ്പെയിനിൽ 2.17 ലക്ഷം പേർക്കും ഇറ്റലിയിൽ 2.10 ലക്ഷം പേർക്കും രോഗമുണ്ട്. യുകെയിൽ 1.87 ലക്ഷം പേർക്കാണ് രോഗം.