മൂവാറ്റുപുഴ: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ മൂവാറ്റുപുഴയിലെ മേക്കടമ്പിൽ കെട്ടിടത്തിലേക്ക് കാർ ഇടിച്ചു കയറി കാർ യാത്രക്കാരായ യുവ നടനക്കം മൂന്നു യുവാക്കൾ മരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഒമ്പതിന് മേക്കടമ്പ് പള്ളിത്താഴത്താണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ചവർ തൽക്ഷണം മരിച്ചു.
യുവനടൻ വാളകം മേക്കടമ്പ് നടപറമ്പിൽ ബേസിൽ ജോർജ് (30), വാളകം ഇലവങ്ങത്തടത്തിൽ ബാബുവിൻ്റെ മകൻ നിധിൻ (35), വാളകം ഇല്ലേൽ വീട്ടിൽ ജോയിയുടെ മകൻ അശ്വിൻ (29) എന്നിവരാണ് മരിച്ചത്. മരിച്ച ബേസിൽ ‘പൂവള്ളിയും കുഞ്ഞാടും ‘സിനിമയിലെ നായകനാണ്. നിധിൻ വാളകത്തെ സ്നേഹ ഡെക്കറേഷൻ ഉടമയാണ്.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ലിതീഷ്, സാഗർ എന്നിവർക്കും കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.
കാർ കോലഞ്ചേരിയിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു.
അപകട കാരണം വ്യക്തമല്ല. ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടി പൊളിച്ച് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തു. പരിക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലാണ്.
മേക്കടമ്പിൽ പൊങ്കണത്തിൽ ജോൺ, ചക്കാലയ്ക്കൽ ജയൻ എന്നിവരുടെ കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്.