പാലക്കാട്: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ വാളയാർ കേരളത്തിൽ മടങ്ങിയെത്തി തുടങ്ങി. സംസ്ഥാനത്തേക്ക് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഇന്ന് രാവിലെ എട്ടു മുതല്‍ 11 വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരാണ് ഇന്നുമുതല്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തി തുടങ്ങിയത്.
ഈ വാഹനങ്ങളിലായി 143 പേരാണ് യാത്ര ചെയ്തത്. കൂടാതെ, സംസ്ഥാനത്തിന് പുറത്തേക്ക് ഇതുവരെ വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി അഞ്ച് വാഹനങ്ങള്‍ കടന്ന് പോയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ മാത്രമാണ് അന്തര്‍സംസ്ഥാന യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിനായി ചെക്ക്‌പോസ്റ്റില്‍ 16 കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
കാര്‍, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ വന്നവരെയാണ് കര്‍ശനമായ പരിശോധനയിലൂടെ കടത്തിവിട്ടത്. ഈ വാഹനങ്ങളില്‍ സഞ്ചരിച്ച എല്ലാ യാത്രക്കാരെയും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇതുവരെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ നിര്‍ബന്ധമായും ഹോം ക്വാറന്റൈനീലും വിടുന്നതാണ്.