കൊറോണയ്ക്കൊപ്പം വയനാട്ടിൽ കുരങ്ങുപനി; കണ്ണൂരിൽ ഡെങ്കിയും മഞ്ഞപിത്തവും; ജനങ്ങൾ ഭീതിയിൽ

വയനാട് /കണ്ണൂർ: കൊറോണ ഭീതിക്കൊപ്പം വയനാട്ടിൽ കുരങ്ങുപനിയും കണ്ണൂരിൽ ഡങ്കിപ്പനിയും മഞ്ഞപിത്തവും പടരുന്നത് ജനങ്ങളിൽ ആശങ്ക പടർത്തുന്നു.
കുരങ്ങുപനി ബാധിച്ച് നേരത്തേ വയനാട് ജില്ലയിൽ മൂന്നു പേർ മരിച്ചതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ ജില്ലയിലാകാട്ടെ മലയോര മേഖലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവുമാണ് ആശങ്ക പടർത്തുന്നത്.

വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. ബത്തേരി ആശുപത്രിയിൽ അന്പതുപേർ കുരങ്ങുപനി ബാധിച്ച് ചികിൽസയിലാണ്. ഈ വർഷം ജില്ലയിൽ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവർ കാട്ടിനുളളിലേക്ക് പോകുന്നത് കർശനമായി വിലക്കി ജില്ലാ കളക്ടർ ഉത്തരവിട്ടുണ്ട്. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവർത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയെന്നും ജില്ലാകളക്ടർ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ നാല് മാസത്തിനിടെ 153 പേർക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്.

35 പേർക്ക് രോഗം സ്ഥീരീകരിച്ചു. മലയോര മേഖലയായ അയ്യങ്കുന്ന്, നടുവിൽ, ആലക്കോട്, അങ്ങാടിക്കടവ്, പെരിങ്ങോം, പായം പഞ്ചായത്തുകളിലാണ് കൂടുതൽ രോഗബാധിതർ ഉള്ളത്. വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്..