ഡെൽഹിയിലും കർണാടകത്തിലും അസമിലും മദ്യഷാപ്പുകള്‍ തുറക്കും

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡെൽഹിയിലും കർണാടകത്തിലും അസമിലും മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാരുകള്‍ നീക്കം തുടങ്ങി.

രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിന് സംബന്ധിച്ച്‌ പരാമര്‍ശമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം.

ഡെല്‍ഹിയില്‍ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് മുതലാകും തുറക്കുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ച്‌ കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കര്‍ണാടകവും അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലും മദ്യ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണ്.

കര്‍ണാടകത്തില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെ മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് മന്ത്രി എച്ച്‌. നാഗേഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഹോട്ട്സ്പോട്ട് റെഡ് സോണ്‍ പ്രദേശങ്ങളില്‍ മദ്യ ശാലകള്‍ തുറക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഡല്‍ഹി ടൂറിസം വിഭാഗമായ ഡി.ടി.ഡി.സി ഉള്‍പ്പടെയുല്ള വകുപ്പുകള്‍ നടത്തുന്ന എല്ലാ മദ്യശാലകളോടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മദ്യശാലകളെക്കുറിച്ച്‌ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇവിടെ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആറ് അടി സാമൂഹിക അകലം പാലിച്ച്‌ വേണം നില്‍ക്കേണ്ടത്. അതിന് പുറമെ ഒരു കടയില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.