തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്ര ചിലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ട്രെയിൻ ലഭ്യമാക്കിയാൽ മാത്രം പോരാ, അതിന്റെ ചെലവും കേന്ദ്രസർക്കാർ വഹിക്കണം. ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം. കൂടാതെ 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ നൽകണമെന്നും ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാൽ മതിയെന്നുമാണ് മന്ത്രി പറഞ്ഞത്.
ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതര സംസ്ഥാന തൊഴിലാളികളെ കേരളം യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും എല്ലാ കരുതലോടുംകൂടിയാണ് കേരളം അവരെ യാത്രയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവരുടെ യാത്ര ചെലവ് കേന്ദ്ര സർക്കാരിന് ഏറ്റെടുക്കാൻ പറ്റാത്തതിനാലാണ് ഇവരെ ബസ്സിൽ നാട്ടിലെത്തിക്കാൻ കേന്ദ്രം ആദ്യം തീരുമാനിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. ട്രെയിനാണെങ്കിൽ ചെലവ് കേന്ദ്രത്തിന്റെ തലയിൽ വരുമെന്നും ബസിനുള്ള ഏർപ്പാടുകൾ അയക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും നേരിട്ട് ചർച്ച ചെയ്ത് തീരുമാനിച്ചുകൊള്ളണന്നുമായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞിരുന്നതെന്നും മന്ത്രി പറഞ്ഞു.