തിരുവനന്തപുരംം : ഗ്രീൻ സോൺ ജില്ലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൊതുവിൽ പാലിക്കണമെന്ന് മുഖ്യമന്ത്രി. കേന്ദ്രസർക്കാർ അനുവദിച്ച ഇളവുകൾ സംസ്ഥാനത്താകെ നടപ്പാക്കുകയാണ്. ചില കാര്യത്തിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തും. പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്ട്സ്പോട്ടുകളിലും ഇത് പാടില്ല. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്ട് സ്പോട്ട് അല്ലാത്തിടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും.
ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന് വയ്ക്കും. പാർക്കുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്. മദ്യശാലകൾ തുറക്കുന്നില്ല. മാളുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഇവയൊന്നും തുറക്കരുത്. ബാർബർമാർക്ക് വീടുകളിൽ പോയി ജോലി ചെയ്യാം.