തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയപ്പോഴത്തെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉൾക്കൊണ്ട് നിയന്ത്രണം നടപ്പാക്കും. ഇക്കാര്യത്തിൽ ഉടനെ മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്കും പ്രതിരോധത്തിനും ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകി. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് ഫലം ചെയ്തു. അപകട നില തരണം ചെയ്തിട്ടില്ല. സാമൂഹിക വ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നല്ല ജാഗ്രത പുലർത്തണം. കേന്ദ്ര ഉത്തരവ് പ്രകാരം ലോക്ക് ഡൗൺ മെയ് 17 വരെയാണ്. ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊറോണ പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലാണ്.
സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. സ്വാഭാവിക ജനജീവിതം അനുവദിക്കുന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ നാട് കൂടിയാണ് ഇത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തണം. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ 80 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. പുതിയവ ഇല്ല. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊറോണ ബാധിതർ കണ്ണൂരിൽ ചികിത്സയിൽ, 38 പേർ. ഇവരിൽ രണ്ട് പേർ കാസർകോട്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.