ഇന്ത്യക്കാരെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാൻ കുവൈറ്റ്; കേന്ദ്രത്തിന് കത്ത് നൽകി

കുവൈറ്റ് :ലോക്ക്ഡൗൺ മൂലം കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിലെത്തിക്കാമെന്നു കുവൈറ്റ്. ഇക്കാര്യം സംബന്ധിച്ച് ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജാസിം അൽ നജീം വിദേശകാര്യ മന്ത്രാലയത്തിന്
കത്ത് നൽകി. കുടുങ്ങി കിടക്കുന്നവർ, തൊഴിലാളികൾ, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ എന്നിവരെ സൗജന്യമായി എത്തിക്കാമെന്ന് കുവൈത്ത് സ്ഥാനപതി വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നത്.

ഇന്ത്യയിൽ കുടുങ്ങിയ കുവൈറ്റ് പൗരൻമാരെ തിരിച്ചെത്തിച്ചതിനും കുവൈറ്റിലേക്ക് മെഡിക്കൽ സഹായം നൽകിയതിനും ഇന്ത്യൻ സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. കോറോണയെ നേരിടുന്നതിനായി 15 അംഗ മെഡിക്കൽ സംഘത്തേയും രണ്ട് ടൺ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ ഏപ്രിൽ 11-ന് കുവൈത്തിലേക്കയച്ചിരുന്നു. മരുന്ന് വിതരണം തുടരാനുള്ള ഇന്ത്യൻ സർക്കാരിന്റെ സന്നദ്ധതയെ കുവൈറ്റ് സർക്കാർ അഭിനന്ദിക്കുന്നതായും സ്ഥാനപതി അറിയിച്ചു.

അതേസമയം പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് നേരത്തെ യു.എ.ഇയും അറിയിച്ചിരുന്നു. എന്നാൽ ഘട്ടം ഘട്ടമായി മാത്രമേ ഇവരെ തിരിച്ചു കൊണ്ടുവരാൻ സാധിക്കു. ഗൾഫ് അടക്കമുള്ള 24 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ആദ്യഘട്ടത്തിൽ എത്തിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് . ഇതിനായി വിമാനവും യുദ്ധക്കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.