ന്യൂഡെൽഹി: സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ട ഡെൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഡെല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.പി.സി സെക്ഷൻ 124എ (രാജ്യദ്രോഹം), 153എ (വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്നാരോപിച്ച് അറബ് ലോകത്ത് നടക്കുന്ന കാമ്പയിനെ അനുകൂലിച്ച് സഫറുല്‍ ഖാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിന് നന്ദി പറഞ്ഞായിരുന്നു സഫറുല്‍ ഖാൻ ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡെല്‍ഹി ജോയിന്‍റ് പൊലീസ് കമീഷണര്‍ നീരജ് താക്കൂറാണ് കേസെടുത്തത്. അതേസമയം, കേസിനെകുറിച്ച് പ്രതികരിക്കാൻ സഫറുൽ ഖാൻ തയാറായില്ല.
എന്നാൽ തന്റെ അഭിപ്രായങ്ങൾ ചിലരെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായുമറിയിച്ചു ഖാൻ മാപ്പ് പറഞ്ഞ് കേസെടുക്കുന്നതിന് മുമ്പ് രംഗത്ത് എത്തിയിരുന്നു.
.