ലോക് ഡൗൺ ലംഘിച്ചു; ഡീൻ കുര്യാക്കോസിനും ഇബ്രാഹിം കുട്ടി കല്ലാറിനുമടക്കം 14 പേർക്കെതിരെ കേസ്

തൊടുപുഴ: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസിനും ഡിസിസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാറിനുമടക്കം 14 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.

ഇടുക്കിയിൽ കൊറോണ സ്രവ പരിശോധനയ്ക്ക് പി.സി.ആർ ലാബ് അനുവദിക്കുക, ജില്ലയോട് സർക്കാർ തുടരുന്ന അവ​ഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കല്‍ കോളേജിന്‌ മുന്നില്‍ ഡീനും സംഘവും ഉപവാസം നടത്തിയത്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിന്‍സ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഡീൻ കുര്യാക്കോസിന് പുറമെ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ, ഡിസിസി സെക്രട്ടറിമാർ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ലോക് ഡൗൺ നിയന്ത്രങ്ങൾക്ക് വിരുദ്ധമായി അഞ്ചു പേരിൽ കൂടുതൽ ആരും അവിടെ വന്നിരുന്നില്ലെന്നും ആശുപത്രിയിൽ പലപല സമയങ്ങളിൽ വന്ന ആളുകളെയെല്ലാം ചേർത്ത് മനഃപൂർവം പോലീസ് കേസെടുത്തതാണെന്നുമാണ് ഡീൻ ഇതിനോട് പ്രതികരിച്ചത്. ഇടതുപക്ഷ ഗവൺമെന്റ് തനിക്കെതിരെ ഒരുപാട് കേസുകൾ എടുത്തിട്ടുണ്ടെന്നും അതിനൊക്കെ താൻ പുല്ലു വില മാത്രമേ കൽപ്പിക്കുന്നുള്ളുവെന്നും ഡീൻ പറഞ്ഞു.