ഇടുക്കി രൂപത പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു; സംസ്ക്കാരം മെയ് അഞ്ചിന്

ഇടുക്കി: സിറോ മലബാർ സഭ ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു. സംസ്ക്കാരം മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലിൽ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ച 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. 2003 മുതൽ 2018 വരെ 15 വർഷം ഇടുക്കി രൂപത അധ്യക്ഷൻ ആയിരുന്നു അദ്ദേഹം.

ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.
സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും സംസ്ക്കാര ശുശ്രൂഷയുടെ ക്രമീകരണങ്ങളെന്ന് രൂപതാ വികാരി ജനറാൾ അറിയിച്ചു.

ഇടുക്കി രൂപതയെ കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത മാർ ആനിക്കുഴിക്കാട്ടിൽ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി മണ്ണിന്റെ മക്കൾ വാദവുമായി പരസ്യമായി രംഗത്തിറങ്ങി. ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി നിർണായക നിലപാടുകളെടുത്ത് പൊതുസമൂഹത്തിൽ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.