പത്തനാപുരം: മാസ്ക് ധരിക്കാതെ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ കേസ്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍.
പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു. മാസ്‍കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര.
തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയായിരുന്നു.
പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്ബറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.