കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് എൻഐഎ മലപ്പുറത്തും കോഴിക്കോട്ടും റെയ്ഡ് നടത്തി. കോഴിക്കോട്ട് മാധ്യമ പ്രവർത്തകനടക്കം മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ രണ്ട് പേരെയും കോഴിക്കോട്ടെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമാണ് കസ്റ്റഡിയിലെടുത്തത്.
മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പരിയങ്ങാട് എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു. പ്രദേശത്തെ ഒരു പഴയ വാടക വീട്ടിലാണ് റെയ്ഡ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് എൻ.ഐ.എ സംഘം റെയ്ഡ് തുടങ്ങിയത്. വയനാട് സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട് സ്വദേശിയുമാണ് ഇവിടെ താമസിക്കുന്നത്. ഒരാൾ വല്ലപ്പോഴും വന്ന് പോകാറുമുണ്ട്. ഇവർ പ്രദേശത്ത് ട്യൂഷൻ സെന്റർ നടത്തി വരികയാണ്. എല്ലാവരും ബി.ടെക് ബിരുദധാരികളാണ്.
ചെറുകുളത്തൂർ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കൾ ഒന്നരമാസം മുമ്പാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിലെത്തിയത്. ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡ് നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ബിജിത്ത്, എൽദോ എന്നിവരെ എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാലക്കാട് സ്വദേശി സജിത്ത് നാട്ടിൽ പോയതാണെന്നാണ് ലഭിക്കുന്ന വിവരം. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് അലൻ, താഹ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന സൂചന.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി.പി ജലീലിൻെറ മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിലും തറവാട് വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഒമ്പത് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, ഒരു ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായാണ് പൊലീസ് നൽകുന്ന വിവരം. പാണ്ടിക്കാട്, വണ്ടൂർ സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പന്തീരാങ്കാവ് കേസില് എൻഐഎ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാൻ മൂന്നാം പ്രതിയുമാണ്. കൊച്ചിയിലെ എന് ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മൂന്നാം പ്രതി ഉസ്മാൻ ഒളിവിലാണെന്ന് കുറ്റപത്രത്തില് പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള് സംഘടിപ്പിച്ചു. കൂടുതല് പ്രതികള്ക്കായി അന്വേഷണം തുടരുന്നുവെന്നും എന് ഐ എ കുറ്റപത്രത്തില് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്.
ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു.