ന്യൂഡല്‍ഹി: കൊറോണ ലോക്ക്ഡൗണിൽ വീട്ടിലിരിക്കണം,ജോലി ചെയ്യാനും മടി. വീട്ടിലിരിക്കാൻ പോലീസുകാർ കണ്ടെത്തിയ കള്ളം കയ്യോടെ പിടിച്ച് ഉയർന്ന ഉദ്യോഗസ്ഥർ. കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടെന്ന് കള്ളം പറഞ്ഞ മൂന്ന് പോലീസുകാരാണ് സസ്പെന്ഷന് മേടിച്ച് വീട്ടിലിരുപ്പായത്. ഡല്‍ഹി മെട്രോയൂണിറ്റിലെ പോലീസുകാരാണ് കൊറോണ ബാധിച്ച സഹപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നെന്ന് മേലധികാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്.
ശാസ്ത്രിപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ച മൂവരും എസ്ഐയുമായി ഒന്നിച്ച് പ്രവര്ത്തിക്കേണ്ടിവന്നെന്നും അതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പോകണമെന്നും മേലധികാരികള്‍ക്ക് കത്ത് അയച്ചു. മെഡിക്കല്‍ ലീവ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
എന്നാൽ കൊറോണ ബാധിച്ച 57 വയസുകാരനായ എസ്ഐക്ക് ഏപ്രില്‍ 21 ന് ആണ് പനി ഉണ്ടായത്. ഇതേ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. 23 ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിച്ച് കൊറോണ പരിശോധന നടത്തി. 28 ന് പരിശോധനാ ഫലം വന്നു. എന്നാൽ 21 ന് മുൻപ് ഈ ഉദ്യോഗസ്ഥർ രോഗിയുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.തുടർന്നാണ് സസ്പെൻഷൻ മേടിച്ചത്.