തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഓർഡിനൻസ് . ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും, തുടര്‍ നടപടികളും കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം അഞ്ചുമാസം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ശമ്പളം പിടിക്കുക.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ദുരന്ത നിവാരണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇതനുസരിച്ച് ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓര്‍ഡിനന്‍സ് ബാധകമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.
മാറ്റിവെച്ച തുക മടക്കിനല്‍കുന്നത് ആറുമാസത്തിനകം പറഞ്ഞാല്‍ മതിയല്ലോയെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സാലറി കട്ട് തീരുമാനത്തിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.